എന്ത് കൊണ്ട് ഹിറ്റ്ലർ കലയെ വെറുത്തു..?
ഇന്ത്യയിൽ കലയും കലാകാരന്മാരും ആക്രമിക്കപ്പെടുമ്പോൾ, എന്ത് കൊണ്ട് ഹിറ്റ്ലർ കലയെ വെറുത്തു എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്...?
Adolf Hitler and Adolf Ziegler inspect the installation of Degenerate Art
ഹിറ്റ്ലർ ചിത്രം വരക്കുമായിരുന്നു.
യഥാതഥമായ രീതിയിൽ പ്രകൃതി ദൃശ്യങ്ങൾ പെയിൻറ് ചെയ്യുന്നതിലായിരുന്നു താൽപ്പര്യം.
ആധുനിക കലയെ അങ്ങേയറ്റം വെറുത്തിരുന്നു. ആധുനിക കല സമൂഹത്തെ ചിന്തിപ്പിക്കുകയും, സംവാദങ്ങൾക്ക്
വഴിയൊരുക്കുകയും ചെയ്യുന്നു എന്നുള്ളതാണ് അതിന്റെ കാരണം.
Farmstead painted by Hitler
കഴിഞ്ഞ വർഷം ബ്രസ്സൽസ് സന്ദർശിച്ചപ്പോൾ യൂറോപ്യൻ പാർലിമെന്റ് പരിസരം ചുറ്റാൻ തീരുമാനിച്ചത് STATE OF
DECEPTION എന്ന
എക്സിബിഷൻ കാണാൻ കൂടിയാണ്. യൂറോപ്യൻ
യൂണിയൻ സംഘടിപ്പിച്ച ഈ ഫോട്ടോ / പോസ്റ്റർ
പ്രദർശനം ജർമൻ നാസി ഭരണ കൂടത്തിന്റെ
കാലത്തു അവരുടെ കള്ള പ്രചാരണങ്ങൾ എങ്ങനെ പ്രാവർത്തികമാക്കി എന്ന് വ്യക്തമാക്കുന്ന
പ്രദർശനമായിരുന്നു. ഇവിടെ നിന്നാണ് degenerate എന്ന കലാ പ്രദർശനത്തെ കുറിച്ച് അറിയുന്നത്.
ജർമനിയിൽ നാസി ഭരണം അധികാരത്തിൽ
വന്നതിനു ശേഷം 1939 ജൂലായ് മാസത്തിൽ, നാസി പാർട്ടി
രണ്ടു കലാ പ്രദർശനങ്ങൾ ബെർലിനിലും, മ്യുണിച്ചിലും സംഘടിപ്പിച്ചു. ഈ രണ്ടു ഷോകളും ഹിറ്റ്ലറുടെ
അംഗീകാരത്തോടെ തയ്യാറാക്കിയതായിരുന്നു.
അതീവ സുന്ദരികളുടെ ശില്പ സമാനമായ (statuesque)
നഗ്ന ചിത്രങ്ങൾ, മാതൃകാപരമായി പട്ടാളക്കാരെയും, പ്രകൃതിയെയും ചിത്രീകരിച്ച പരമ്പരാഗതമായ ചിത്രങ്ങളുടെ
പ്രദർശനമായിരുന്നു അത്.
തൊട്ടടുത്ത തെരുവിലായിരുന്നു രണ്ടാമത്തെ
പ്രദർശനം. ഇതിൽ ആധുനിക കല, അബ്സ്ട്രാക്ട് ആർട്, നോൺ റെപ്രസെന്റേഷണൽ ആർട്ടു എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ചുരുക്കത്തിൽ ഹീനമായ കല എന്ന് നാസി
കരുതിയിരുന്ന കലാ രൂപങ്ങളുടെ പ്രദർശനമായിരുന്നു ഇത്. ഇതിനെ Degenerate Art എന്ന്
പേരിട്ട് വിളിച്ചു. അങ്ങനെയാണെങ്കിലും ഈ കലാ പ്രദർശനത്തിൽ ലോക പ്രശസ്തരായ Paul Klee, Oskar Kokoschka and
Wassily Kandinsky എന്നിവരോടൊപ്പം ജർമ്മൻ കലാകാരന്മാരായ Max Beckmann, Emil Nolde, George Grosz എന്നിവരുടെ
ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രദർശനത്തോടൊപ്പമുള്ള ഹാൻഡ് ബുക്കിൽ ഈ ഷോയുടെ
ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച് വിശദീകരിക്കുന്നത്; തത്വ
ശാസ്ത്രപരമായും, രാഷ്ട്രീയ, വർഗ്ഗ,
സദാചാര ലക്ഷ്യ പ്രാപ്തിയും ഉദ്ദേശ ലക്ഷ്യങ്ങളുമാണ് ഈ നീക്കത്തിന്റെ
പിന്നിലുള്ളതെന്നാണ്. അഴിമതി നിറഞ്ഞ ഇവന്മാരുടെ പ്രവൃത്തികളാണ് ഞങ്ങളെ ഇത്തരം പ്രദർശനം ഒരുക്കാൻ പ്രേരിപ്പിച്ചത് എന്ന് കൂടി എഴുതി
പിടിപ്പിക്കുമ്പോൾ ഉദ്ദേശം വ്യക്തമാകുന്നു. അക്കാലത്തെ അഷ്ടിക്ക് വകയില്ലാത്ത
ആധുനിക കലാകാരന്മാരുടെ അഴിമതി എന്ന നുണ പ്രചാരണം
മാത്രം മതി നാസി പാർട്ടിയുടെ നുണ പ്രചാരണത്തിന്റെ ശക്തി മനസിലാക്കാൻ.
Degenerate Art, the crowd at the entrance
ആധുനിക കലാ പ്രദർശനത്തിലെ
പെയിന്റിങ്ങുകൾ നെഗറ്റീവ് പ്രതികരണം
ഉണ്ടാക്കുന്ന തരത്തിൽ, ചുമരെഴുത്തുകൾ നിറഞ്ഞ, വൃത്തിയില്ലാത്ത ചുമരിലായിരുന്നു തൂക്കിയിരുന്നത്. പല
പെയിന്റിങ്ങുകളും ചരിഞ്ഞു (askew) കിടന്നു. ഇങ്ങനെ ആർട്ടിനെയും, ആർട്ടിസ്റ്റുകളെയും
അവഹേളിക്കുക മാത്രമല്ല വിദേശീയരെന്നു പറഞ്ഞു പരിഹസിക്കുകയും ചെയ്തു. ഈ കലാ
പ്രദർശനം കണ്ട ബ്രിട്ടീഷ് കലാകാരൻ
റോബർട്ട് മെഡലിൻ പറഞ്ഞതിങ്ങനെയാണ്; കാണികളെക്കൊണ്ട് തിങ്ങി നിറഞ്ഞ പ്രദർശന
ശാലയിൽ ചിത്രങ്ങളെല്ലാം തോന്നിയ പോലെ തൂക്കിയിട്ടിരിക്കുന്നു, താല്കാലിക ലേലം വിളി നടക്കുന്ന ചന്തയിലെപ്പോലെ. ഇങ്ങനെ
ചെയ്തിരിക്കുന്നത് ഈ കലാ വസ്തുക്കൾ ഒന്നിനും കൊള്ളാത്തതാണെന്നു
ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു.
Degenerate Art exhibition
Degenerate
Art ജൂദന്മാരുടെയും,
ബോൾഷെവിക്കുകളുടെയും ഉല്പന്നമാണെന്ന് നാസികൾ പ്രചരിപ്പിച്ചു. 112
കലാകാരന്മാരുടെ വർക്കുകൾ പ്രദർശിപ്പിച്ചതിൽ ആറ് ജൂവിഷ് കലാകാരന്മാരുടെ സൃഷ്ടികൾ
മാത്രമാണുണ്ടായത്. ഈ കലാ പ്രദർശനത്തോടനുബന്ധിച് ഹിറ്റ്ലർ പ്രസംഗിച്ചതിങ്ങനെയാണ് ''സ്വന്തം കലാ സൃഷ്ടി മനസിലാകാത്തവർ പ്രൗഢ ഗംഭീരമായ Instruction Book (ബോധന പുസ്തകം)
അടിച്ചിറക്കി അവരുടെ നിലനിൽപ്പിനെ ന്യായീകരിക്കുകയാണ് അവർ അവരുടെ വഴിക്ക്,
ഇനി അവർ ജർമ്മൻ ജനതയുടെ മുന്നിലേക്ക്
എത്തില്ല.''
പ്രദർശനത്തിലെ ചിത്രങ്ങൾ ദൈവ ദൂഷണം,
ജൂദന്മാരുടെ കല, കമ്മ്യുണിസ്റ്റ് കല, പട്ടാളക്കാരെ വിമർശിക്കുന്ന കല, ജർമ്മൻ
സ്ത്രീ ബഹുമാന്യത്വത്തെ എതിർക്കുന്ന കല എന്നിങ്ങനെ പല വിഭാഗമായി വേർ
തിരിച്ചിരുന്നു. ഒരു മുറി നിറയെ അബ്സ്ട്രാക്ട് ചിത്രങ്ങൾ തൂക്കിയിട്ടു അതിനെ 'The Insanity Room' എന്ന് പേരിട്ടു വിളിച്ചു. ഇത്തരം പ്രദർശനത്തിന്റെ ഉദ്ദേശം ആധുനിക
കലയെ കളിയാക്കുക എന്നതല്ല പിന്നെയോ, ഇത്തരം കലകൾ
ജർമ്മൻ ജനതക്കെതിരായ ഒരു പൈശാചിക പ്ലോട്ട് ആണെന്ന് വരുത്തിത്തീർക്കാൻ പ്രേരിപ്പിക്കുകയാണ്.
ഒരു മില്യണിലധികം കാണികളെ ഈ എക്സിബിഷൻ ആകർഷിച്ചു എന്ന് പൊതുവെ
പറയുന്നുണ്ടെങ്കിലും, ഔദ്യോഗിക കണക്കുകൾ ഇതിൻറെ മൂന്നിരട്ടി
വരുമെന്ന് പറയുന്നു. ഈ പ്രദര്ശനത്തെ കുറിച്ച്
ജർമ്മൻ റേഡിയോവിലൂടെയുണ്ടായ
അപകീർത്തിപരമായ സന്ദേശമാണ് ഇത്രയധികം ജനങ്ങളെ
ഈ ഷോയിലേക്കു ആകർഷിച്ചത്. അതുകൊണ്ടു ഈ എക്സിബിഷൻ ദി ഗ്രേറ്റ് ജർമൻ ആർട്
എക്സിബിഷൻ എന്ന് അറിയപ്പെടുന്നു.
ചിലർ കരുതി ഇത്രരത്തിലുള്ള കല
കാണാനുള്ള അവസാന അവസരമാണിതെന്ന് എന്നാൽ മറ്റു ചിലർ ഹിറ്റ്ലറുടെ ആശയവുമായി
പൊരുത്തപ്പെട്ടു. ആധുനിക കലകളെല്ലാം Degenerate Art ആയിട്ടാണ് നാസി പാർട്ടി കണക്കാക്കിയിരുന്നത്. പ്രത്യേകിച്ച് എക്ക്സ്‌പ്രഷനിസം. 1937 ൽ ജർമനിയിലെ
മ്യുസിയത്തിൽ നിന്നും 15,550 മോഡേൺ ആർട് വർക്കുകൾ നീക്കം ചെയ്തു. ഇതിൽ നിന്നും
തിരഞ്ഞെടുത്ത ചില വർക്കുകളാണ് മ്യുണിച്ചിൽ പ്രദർശിപ്പിക്കുകയും അതിനു DEGENERATE
ART (ENTARTE ETE KUNST ) എന്ന്
പേരിടുകയും ചെയ്തു. ആധുനിക കലയെ പരിഹസിച്ചു ജനങ്ങളിൽ മോശമായ പ്രതീതി ജനിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു
ഇത്. അതേ സമയം ജർമൻ ജനതയുടെ മാഹാത്മ്യം വിളിച്ചോതുന്ന
പരമ്പരാഗതമായ രീതിയിലുള്ള കലാ പ്രദർശനം മറ്റൊരു ഭാഗത്തു നടത്തുകയും ചെയ്തു. ഇതിൽ
ഫാമിലി, ഹോം, ചർച് എന്നിവയെ
അടിസ്ഥാനമാക്കി കൊണ്ടുള്ളതും. സത്യത്തിൽ ഈ പ്രദർശനം നാസി വെറുപ്പോടെ കണ്ടിരുന്ന
കമ്മ്യൂണിസ്റ്റുകളുടെ 'സോഷ്യലിസ്റ് റിയലിസത്തിന്റെ' പ്രതിബിംബമായിരുന്നു എന്നുള്ളതാണ് ഇതിലെ രസകരമായ സംഭവം.
ഇതുകൊണ്ടൊന്നും ആധുനിക കലയെ ഇല്ലാതാക്കാൻ
കഴിഞ്ഞില്ല എന്നുള്ളത് പിന്നീടങ്ങോട്ടുള്ള ആധുനിക കലയുടെ വളർച്ചയിൽ നിന്നും
മനസിലാക്കാവുന്നതാണ്. ഇന്ത്യയിൽ ആധുനിക കല
വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആധുനിക കല വികസിച്ചു
കൊണ്ടേയിരിക്കും കാരണം അത് സീമകളില്ലാത്ത സ്വാതന്ത്ര്യം മനുഷ്യന് നൽകുന്നു
എന്നതാണ്.
Manoharam, Ashamsakal...!!!
ReplyDelete