Saturday 26 January 2019

സെൽഫിക്ക് പിന്നിലെ ചിത്രളം


സെൽഫിക്ക് പിന്നിലെ ചിത്രളം



സെൽഫി എടുക്കാൻ പറ്റിയ സ്മാർട്ട് ഫോൺ ഉണ്ടായിട്ടും  സെൽഫിയെ അവഗണിക്കുകയും, മറ്റുള്ളവർ സെൽഫി എടുക്കുന്നത് കുട്ടിക്കളിയായി വീക്ഷിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. പക്ഷേ സെൽഫിയെക്കുറിച്ചുള്ള എന്റെ മുൻധാരണകളെ മാറ്റിമറിക്കുവാനും, സെൽഫിക്ക് പുതിയൊരു നിർവചനം ഉണ്ടാക്കിയെടുക്കുവാനും ഈയിടെ ലണ്ടനിലെ സാച്ചി ഗാലറിയിൽ  കണ്ട ചിത്ര പ്രദർശനത്തിന് കഴിഞ്ഞു.
ഈ കലാ പ്രദർശനത്തിൽ, ലോക ചിത്രകലയിൽ നിന്നും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളുടെ ഡിജിറ്റൽ ഇമേജുകൾ സ്മാർട്ട് ഫോണിലേക്കു പകർത്തി, അതേ ഇമേജുകൾ അതാതു ഒറിജിനൽ പെയിന്റിങ്ങിന്റെ വലുപ്പത്തിൽ ഡിജിറ്റിൽ ഫോര്മാറ്റിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിൽ റെംബ്രാൻറ്, വെലസ്കസ്, ഗോയ, തുടങ്ങി ആധുനിക ചിത്രകാരന്മാരായ ഫ്രാൻസിസ് ബേക്കൺ, ലൂസിയൻ ഫ്രോയിഡ് എന്നിവരുടെ സെൽഫ് പോർട്രെയ്റ്റുകളും ഉണ്ട്. ഇതെല്ലം ചില ഉദാഹരണങ്ങൾ മാത്രം. ഈ പ്രദർശനം കണ്ടപ്പോഴാണ് എന്റെ സെൽഫ് പോർട്രെയ്റ്റ് ഞാൻ പല പ്രാവശ്യം പെയിന്റ് ചെയ്ത കാര്യം ഓർമ്മ വന്നത്. കണ്ണാടിയിൽ നോക്കി സ്വന്തം ചിത്രം വരക്കുക എന്നത് ചിത്രകാരനെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്.
എന്ത് കൊണ്ട് സെൽഫ് പോർട്രൈറ്റ് രചിക്കപ്പെടുന്നു എന്ന ചോദ്യം റിസർച് ചെയ്യേണ്ട വിഷയമാണ്. 
ആദ്യം നാം നമ്മെത്തന്നെ ഇഷ്ടപ്പെടേണ്ടതുണ്ട്. 'സ്വയം അറിയുക' എന്ന് ഗ്രീക്ക് അപ്പോളോ ദേവൻ പറയുന്നു. നീ നിന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കുക എന്ന് ബൈബിൾ പറയുന്നു. ഹോളിസ്റ്റിക് സയൻസിന് പറയാനുള്ളതും മേല്പറഞ്ഞതൊക്കെ തന്നെ. ഈ പറയുന്നതെല്ലാം സെൽഫ് പോർട്രൈറ്റ് രചിക്കുന്നതിനു കലാകാരനെ പ്രേരിപ്പിക്കുന്നുണ്ടെന്നു കരുതുന്നതിൽ തെറ്റുണ്ടോ?

ഒരു വ്യക്തിക്ക് അയാളെ എങ്ങനെ കണ്ടുകൊണ്ടിരിക്കാം? 
കണ്ണിനു സ്വയം കാണാൻ കഴിയാത്തതു പോലെ, ഒരാളുടെ മുഖം എങ്ങനെ അയാൾക്ക് കാണാൻ കഴിയും? അതായിരിക്കുമോ കലാകാരന്മാരെ സെൽഫ് പോർട്രൈറ്റ് രചിക്കാൻ പ്രേരിപ്പിക്കുന്നത്? മോഡലിനെ കിട്ടാനുള്ള പ്രയാസം പ്രതിഫലം കൊടുക്കാനുള്ള നിവൃത്തികേട് ഇതെല്ലാം രണ്ടാമത്തെ പ്രശ്നമല്ലേ? കണ്ണിന് സ്വയം കാണാൻ കഴിയാത്തതുപോലെ മുഖത്തിനും സ്വന്തം പ്രതിഛായ കാണാൻ സാധിക്കില്ല എന്ന് പറയുന്നതിൽ കാര്യമില്ലെന്നറിയാം, കാരണം കണ്ണും തലച്ചോറും ചേർന്നുള്ള പ്രവർത്തനഫലമാണ് കാഴ്ച സാധ്യമാകുന്നത്. കണ്ണും മറ്റു അവയവങ്ങളും ചേർന്ന ഒരു ഭാഗത്തെയാണല്ലോ മുഖം എന്ന് നാം വിളിക്കുന്നത്, ആ മുഖത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നുള്ളത് വാസ്തവം. സ്വന്തം മുഖം കാണാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്?
സെൽഫ് പോർട്രെയ്റ്റിനെ കുറിച്ചുള്ള പഠനങ്ങളിൽ പറയുന്നത് ഇത്തരം പ്രവർത്തി സെൽഫ് കോൺഷ്യസ് ഉണ്ടാക്കും എന്നാണ്. ഞാൻ ആരാണെന്നും, എന്റെ ചിരി എങ്ങനെയുണ്ടെന്നും, മറ്റുള്ളവർ എന്നെ എങ്ങനെ കാണുന്നു എന്നൊക്കെയുള്ള ചിന്തകൾക്ക് അല്പമെങ്കിലും ആശ്വാസം കണ്ടെത്താനുള്ള പ്രവണതയായിട്ടും സ്വ-ഛായ ചിത്ര രചനയെ കാണുന്നവരുണ്ട്. ഓക്സ് ഫോർഡ് ഡിക്ഷണറി 2013 ലാണ് സെൽഫിയെ വേഡ് ഓഫ് ദി ഇയർ ആയി അംഗീകരിച്ചത്.
ഈജിപ്ത്, ഗ്രീക്ക്, റോമൻ എന്നിവരാണ് സ്വ-ഛായ ചിത്രരചനയിലെ മുൻഗാമികളെങ്കിലും, മധ്യ കാലഘട്ടത്തിലാണ് സെൽഫ് പോർട്രൈറ്റ് എന്ന് പറയാവുന്ന രീതിയിലുള്ള രചനകൾ ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിനോടടുത്തു ചിത്രകാരന്മാർ തങ്ങളെത്തന്നെ പെയിന്റിങുകളിൽ ധാരാളമായി ഉൾപ്പെടുത്താൻ തുടങ്ങി. ഇതിനുള്ള സാമൂഹ്യ, രാഷ്ട്രീയ പ്രാധാന്യത്തിനു പുറമേ രചനാരീതിയിലെ നവീനത കൊണ്ടും വളരെയധികം പ്രചാരം ലഭിച്ചു. അങ്ങനെ സെൽഫ് പോർട്രൈറ്റ് രചനക്ക് സമൂഹത്തിൽ കിട്ടിയ അംഗീകാരം വ്യക്തികൾക്കും കൂടിയുള്ളതായിത്തീർന്നു. റിനൈസെന്സു കാലഘട്ടത്തിൽ സെൽഫ് പോർട്രൈറ്റ് എന്നുള്ളത് ഒരുതരം ഹീറോയിസത്തിലേക്കു കടന്നു വന്നു. ഇത് ചിത്രകാരന് പുതിയൊരു പരിവേഷം നേടിക്കൊടുത്തു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും, ആധുനിക കല എന്ന പേരിൽ, സെൽഫ് പോർട്രെയ്റ്റിൽ നഗ്നതയും, വൈരൂപ്യവും കടന്നു കൂടി സെൽഫി പരിവർത്തനവിധേയമായി. ഇതൊരു ന്യൂറോട്ടിക് പ്രതിഫലനമാണ് എന്നു കാണുന്നവരും ഉണ്ട്.




ജർമൻ ആർട്ടിസ്റ്റ് ഡ്യുറർ ആണ് ആദ്യത്തെ പോർട്രെയ്റ്റ് മാസ്റ്ററെന്ന് കലാചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി തന്റെ സെൽഫി വരക്കുന്നതിൽ ഡ്യുറ റിനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നത്രേ. എന്നാൽ ഇദ്ദേഹമാണ് ആദ്യത്തെ സെൽഫ് പോർട്രൈറ്റ് ചിത്രകാരൻ എന്ന് തെറ്റി ധരിച്ചേക്കരുത്.
ആര്ട്ട് തെറാപ്പി പോലെ സെൽഫ് പോർട്രെയ്റ്റ് തെറാപ്പിയും ആരംഭിച്ചു കഴിഞ്ഞു. ഈ തെറാപ്പിയിലൂടെ ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവ ഉയരുകയും തന്നെ കുറിച്ചുള്ള സ്വത്വബോധം പുന:നിർമ്മിക്കപ്പെടുകയും ചെയ്യുമെന്നാണു കരുതപ്പെടുന്നത്.
എടുക്കുന്ന സെൽഫികളെല്ലാം കിട്ടുന്ന സ്ഥലത്തു നിരന്തരം പോസ്റ്റിക്കൊണ്ടിരുന്നാൽ, അത് മനോ രോഗമായിട്ട് ധരിക്കാനും സാധ്യതയുണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും. അധികമായാൽ അമൃതും മാത്രമല്ല സെൽഫിയും വിഷമായിത്തീരും.
ഇക്കാരണങ്ങൾ കൊണ്ടാണ് സെൽഫി ഒരു പുതിയ സ്വാതന്ത്ര്യമാണ് എന്ന് ഞാൻ പറഞ്ഞത്.
സെൽഫി പ്രദർശനത്തിലൂടെ, ആധുനിക ചിത്ര കലക്ക് നമ്മുടെ വിശ്വാസങ്ങളെ മാറ്റി മറിക്കാൻ കഴിയും എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈ പ്രദർശനത്തിലെ പല വർക്കുകളും നമ്മെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. പ്രദർശനം മെയ് മുപ്പതാം തിയതി വരെ ഉണ്ടായിരിക്കും.



No comments:

Post a Comment